Headlines

പന്തല്ലൂരിനെ വിറപ്പിച്ച പുലിയെ വനംവകുപ്പ് പിടികൂടി

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ പന്തല്ലൂരിൽ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടി. ആദ്യ ഡോസ് മയക്കുവെടിവെച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിന് ഒടുവിൽ അംബ്രോസ് വളവിന് സമീപത്ത് നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. പുലിയെ കൂട്ടിലാക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ജീപ്പുമായി പോയി.

അതേസമയം പുലിയെ കാണിച്ചില്ലെന്ന് കാണിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ ആക്രമിച്ച പുലി തന്നെയാണോ എന്ന് ഉറപ്പാക്കാൻ കാണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുലിയെ പിടികൂടാനായി ഉച്ചയ്ക്ക് 1.55നാണ് ആദ്യ ഡോസ് മയക്കുവെടി വച്ചത്.

ഇന്നലെ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നടന്നത്. പുലിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് കോഴിക്കോട്- ഗൂഡല്ലൂർ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

ഇന്നലെ വൈകീട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ ദാരുണ സംഭവം ഉണ്ടായത്. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഇതിന് പിന്നാലെ രണ്ടുപേരുടെ ജീവനെടുത്ത പുലിയ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താലും ആചരിക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്- ഗൂഡല്ലൂർ ദേശീയ നാട്ടുകാർ ഉപരോധിച്ചത്. പുലിയെ ഉടൻ തന്നെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാർ പറയുന്നു. ഏഴിടത്താണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്. രാവിലെ മുതൽ തുടങ്ങിയ ഉപരോധത്തിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: