പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ ദുരൂഹത അകലുന്നില്ല. യുവതിയുടെ മരണത്തിന് പിന്നാലെ മണ്ണാർകാട്ടെ എഐവൈഎഫ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഭർത്താവ് സാദിഖ് രംഗത്തെത്തി. മണ്ണാർകാട്ടെ എഐവൈഎഫ് നേതാവ് സുരേഷ് കൈതചിറ ഷാഹിനയുടെ സുഹൃത്തായിരുന്നെന്നും ഈ സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടായി എന്നുമാണ് ഭർത്താവിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ തിങ്കളാഴ് രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണമെന്തെന്ന് ഇതേ വരെ വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്. വിദേശത്തായിരുന്ന ഭർത്താവ് സാദിഖ് നാട്ടിലെത്തിയിട്ടുണ്ട്.
മണ്ണാർക്കാട്ടെ മറ്റൊരു എഐവൈഎഫ് നേതാവിനെതിരെയാണ് ഭർത്താവ് ആരോപണം ഉന്നയിക്കുന്നത്. ഇയാൾ ഷാഹിനയിൽ നിന്ന് പലപ്പോഴായി വലിയ തുക കൈപ്പറ്റിയിരുന്നു. ഇത് മാത്രമാണോ ആത്മഹത്യക്ക് കാരണമെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചു. ഷാഹിന ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും

