Headlines

വിവാഹം നടക്കാത്തതി​ന്റെ മനോവിഷമം കൊണ്ടെത്തിച്ചത് ആത്മഹത്യയിലേക്ക്; പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവി​ന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി അടിമാലി ടൗണിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് പെട്രോളൊഴിച്ചു തീ കൊളുത്തി ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിൽ ഇയാൾക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പന്നിയാർകുട്ടി സ്വദേശിയായ ജിനീഷ്.

കയ്യിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാസ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. ഉടൻ ഓടി കൂടിയ നാട്ടുകാർ ചാക്ക് നനച്ചും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവൻ നഷ്ടപ്പെട്ട് ഗുരുതരമായി ഇയാൾക്ക് പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാൾക്ക് എന്ന് പല സുഹൃത്തുക്കളോടും ഇയാൾ വിഷമം പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: