ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ ഒമ്പത് വയസുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പൊള്ളലേറ്റു. ബെംഗളൂരു അർബൻ ജില്ലയിൽ ആനേക്കൽ മാരുതി ലേഔട്ടിലെ വീട്ടിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. പുലർച്ച അഞ്ചരയോടെ വീട്ടിലെ ലൈറ്റിന്റെ സ്വിച്ച് ഇട്ടപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ജമാൽ (32), നാസിഅ (22), ഇർഫാൻ (21), ഗുലാബ് (18), ഷഹസാദ് (9) എന്നിവർക്കാണ് പരിക്കേറ്റത്.
ഉത്തർപ്രദേശിലെ വാരാണസി സ്വദേശികൾക്കാണ് പരിക്കേറ്റത്. മണികണ്ഠ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. വീടിന്റെ ജനലുകൾ, മേൽക്കൂര, മുന്നിൽ നിർത്തിയിട്ടിരുന്ന കാർ എന്നിവക്ക് പൊട്ടിത്തെറിയിൽ കേടുപാട് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തുള്ള വീടിന്റെ ജനാലകൾക്കും കേടുപാടുണ്ട്. കോണനകുണ്ടെ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.