കാട്ടാക്കട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഊരൂട്ടമ്പലം ഗോവിന്ദമംഗലം തകിടിയിൽ തോട്ടരികത്തുവീട്ടിൽ ഗോകുൽ(23) ആണ് പിടിയിലായത്. കാട്ടാക്കട പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.
രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കാട്ടാക്കട പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഗോകുൽ പിടിയിലാകുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഗോകുൽ കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പ്രതി കോവളത്ത് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ 24ന് രണ്ടാനച്ഛൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് ഗോകുലുമായി പരിചയപ്പെട്ടതായും പീഡിപ്പിച്ചതായും പെൺകുട്ടി പോലീസിനു മൊഴിനൽകിയത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
