തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിയ്ക്കു മുകളിൽ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോൾ പരിഗണനയിലുള്ളത്. കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോഗം അംഗീകരിച്ചു.
മലയോര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന മേഖലയിൽ നിന്നു വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിൽ ദേശീയ പാതയിൽ മാത്രമാണ് ടോൾ പിരിവുള്ളത്.
നടപ്പാക്കുന്ന പദ്ധതികളിൽ നിന്നു വരുമാനമില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കിഫ്ബി വായ്പകളെല്ലാം സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. ഇതോടെയാണ് ടോൾ ചുമത്തി വരുമാനമുണ്ടാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിയ്ക്കു മുകളിൽ മുതൽമുടക്കുള്ളതാണ്.
