അച്ഛനമ്മമാർ ഐ.സി.യുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി’ പോലെ കാത്ത് സർക്കാർ



       

തിരുവനന്തപുരം : ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെൺകുഞ്ഞിപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ പൂർണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യർത്ഥന മാനിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് ‘നിധി’ എന്ന പേരിട്ടത്.

കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനിൽ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഒരു കിലോയിൽ താഴെ മാത്രം ഭാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവർ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാൻ നിർദേശം നൽകി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിലെ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിലെ എല്ലാവരുടേയും പൊന്നോമനയാണ് ‘നിധി’ ഇന്ന്. ഇവിടെ എത്തിക്കുമ്പോൾ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ഒരാഴ്ചയോളം കുഞ്ഞിന് ഓക്സിജൻ നൽകിയിരുന്നു. അനീമിയ ഉണ്ടായിരുന്നതിനാൽ രണ്ട് പ്രാവശ്യം രക്തം നൽകി. ആശുപത്രിയിലെ മിൽക്ക് ബാങ്കിൽ നിന്നും കുഞ്ഞിനാവശ്യമായ മുലപ്പാൽ നൽകുന്നുണ്ട്. പൂർണ ആരോഗ്യവതിയായ കുഞ്ഞിനിപ്പോൾ മൾട്ടി വിറ്റാമിനും അയൺ ഡ്രോപ്സും മാത്രമാണ് നൽകുന്നത്. ഇപ്പോൾ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമണ്ട്. സാധാരണ കുട്ടികളെ പോലെ പാൽ കുടിക്കാൻ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായുടെ ഏകോപനത്തിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്പെഷ്യൽ ഓഫീസർ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ ടീം എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. ബന്ധുക്കളാരും ഇല്ലാത്തതിനാൽ കുഞ്ഞിന്റെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോൺ കെയറിലെ നഴ്സുമാരാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറൽ ആശുപത്രിയിലെ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: