മംഗളൂരു: വീടിന് സമീപത്തെ പുല്ലിന് തീ പടർന്നത് അണയ്ക്കാൻ ശ്രമിച്ച വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. കർണാടകയിലെ ബണ്ട്‍വാളിലാണ് ദാരുണ സംഭവമുണ്ടായത്. ക്രിസ്റ്റീൻ കാർലോ (70), ഭർത്താവ് ഗിൽബർട്ട് കാർലോ (79) എന്നിവരാണ് മരിച്ചത്. വൃദ്ധ ദമ്പതികളുടെ വീടിന് അടുത്തുള്ള കുന്നിൻ മുകളിൽ പുല്ലിന് തീപിടിക്കുകയായിരുന്നു. തീ അണയ്ക്കാൻ കുന്നിൻ മുകളിൽ കയറിയ ഇരുവരും തീയിൽ അകപ്പെട്ടു. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ഇവർ സാഹസികതക്ക് തയ്യാറായത്. ഇതിനിടയിൽ തീ ഇവരുടെ മേൽ പടരുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോഴേക്കും വൃദ്ധ ദമ്പതികൾ മരിച്ചിരുന്നു. ബണ്ട്വാൾ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.
