ന്യൂഡൽഹി : വിവാഹം നടക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ അച്ഛൻ മകനെ കുത്തി കൊന്നു. 29 കാരനായ ജിം ഉടമ ഗൗരവ് സിംഗാളാണ് പിതാവ് രംഗലാലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.വിവാഹ ഘോഷയാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൗത്ത് ഡല്‍ഹിയെ നടുക്കിയ സംഭവം. അച്ഛനും മകനും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് കൂട്ടാളികളുടെ സഹായത്തൊടെയായിരുന്നു രംഗലാല്‍ കൊലപാതകം നടത്തിയത്. സംഭവ ശേഷം 15 ലക്ഷം രൂപയും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി ഇവർ രക്ഷപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് ചൗഹാൻ പറഞ്ഞു. എന്നാല്‍ ഗൗരവ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ ബന്ധത്തെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. ഈ വിഷയത്തില്‍ അച്ഛനും മകനും തമ്മില്‍ പലപ്പോഴും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാനിലെ ജയ്പൂർ നഗരത്തില്‍ നിന്നാണ് രംഗലാലിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികള്‍ ഒളിവിലാണ്.

