വരൻ്റെ വീട്ടുകാർക്ക് ഭക്ഷണം ലഭിച്ചില്ല; വിവാഹം മുടങ്ങി, നവദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് വരണമാല്യം ചാർത്തി

സൂറത്ത്: വരന്റെ വീട്ടുകാര്‍ക്കൊപ്പമെത്തിയവര്‍ക്ക് ഭക്ഷണം ലഭിക്കാതെ വന്നതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് ദമ്പതികള്‍ വരണമാല്യം ചാര്‍ത്തിയത് പൊലീസ് സ്റ്റേഷനില്‍ വച്ച്. ഗുജറാത്തിലെ സൂറത്തില്‍ ഫെബ്രുവരി രണ്ടിനാണ് സംഭവം. വിവാഹ ചടങ്ങുകള്‍ എതാണ്ട് പൂര്‍ത്തിയായ സമയത്താണ് വരന്റെ വീട്ടുകാരായ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം ഇല്ലെന്നറിഞ്ഞത്. ഇതോടെ വരന്റെ പിതാവ് വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിന് തയ്യാറാണെന്ന് വരന്‍ അറിയിച്ചിട്ടും പിതാവ് മകനെ മാല ചാര്‍ത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ബിഹാറില്‍ നിന്നുള്ള രാഹുല്‍ പ്രമോദ് മഹ്‌തോയും അഞ്ജലി കുമാരിയും ലക്ഷ്മി ഹാളില്‍ വിവാഹിതരാകേണ്ടതായിരുന്നു. വിവാഹ മണ്ഡപത്തില്‍, ബന്ധുക്കള്‍ക്കും അതിഥികള്‍ക്കും വിളമ്പേണ്ട ഭക്ഷണത്തില്‍ കുറവുണ്ടെന്നാരോപിച്ച് വരന്റെ കുടുംബം പെട്ടെന്ന് വിവാഹ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ആചാരപ്രകാരം മാല കൈമാറ്റം മാത്രമാണ് അവശേഷിച്ചിരുന്നത്. ഭക്ഷണക്കുറവിനെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വരന്റെ പിതാവ് അറിയിച്ചു. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു



വിവാഹത്തിന് മെഹ്‌തോ തയ്യാറാണെന്നും അവന്റെ കുടുംബമാണ് വിവാഹത്തിന് തടസ്സം നില്‍ക്കുന്നതെന്നും വധു സ്‌റ്റേഷന്‍ ഓഫീസറെ അറിയിച്ചു. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി വരന്റെ വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹമണ്ഡപത്തില്‍ വീണ്ടും ബഹളമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്റ്റേഷനില്‍ വച്ച് വിവാഹം കഴിക്കാന്‍ അനുവദിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ ഭാവി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും തങ്ങളുടെ ഇടപെടല്‍ അവരെ ഒരുമിപ്പിക്കാന്‍ സഹായകമായെന്നും പൊലീസ് പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: