അതിതീവ്ര മഴ പെയ്തൊഴിഞ്ഞു, ഇനി ഒരു ഇടവേള, എട്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് 440 ശതമാനം അധികം മഴ




തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇനി ആശങ്കയ്ക്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. മൺസൂൺ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ്  കേരളത്തിൽ പെയ്തത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

അതിതീവ്ര മഴ പെയ്തൊഴിഞ്ഞു. ഇനി ഒരു ഇടവേള. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര മഴയ്ക്ക് ഇനി സാധ്യതയില്ല. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ  പ്രഭാവം കുറഞ്ഞതിനാലാണ് മഴ കുറയുന്നത്. മെയ് 24നാണ് കേരളത്തിൽ മൺസൂൺ തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് എട്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് 440.1 ശതമാനം മഴ. 81.5 ശതമാനം മഴയാണ് സാധാരണ ഈ കാലയളവിൽ കിട്ടേണ്ടത്. കണ്ണൂരിൽ പെയ്തത് 684.6 മി.മീ മഴ. 775% അധികം. സാധാരണ 88 മി.മീ മഴ കിട്ടേണ്ടിയിരുന്ന പാലക്കാട് പെയ്തത് 888% അധികം മഴ.
ആലപ്പുഴയിലും കൊല്ലത്തുമാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച് അൽപം കുറവ്. കാലവർഷം നേരത്തെ തുടങ്ങയെങ്കിലും ഇന്ന് മുതലുള്ള മഴയേ കണക്കിൽപ്പെടുത്തൂ. ഈ ദിവസങ്ങളിൽ പെരുംമഴയ്ക്ക് സാധ്യത കുറവാണ്. കണ്ണൂർ, കാസർകോട് തീരമേഖലകളിൽ മഴ ശക്തമായേക്കാം. മറ്റിടങ്ങളിൽ ഇടനാടുകളിലും. അറബിക്കടലിലെയും ബംഗാൾ ഉൾക്കടിലിലെയും മാറ്റങ്ങൾ അനുസരിച്ച് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കും. മത്സ്യതൊളിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. 

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: