മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളിൽ മുഴുകി രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കം. നാളെ അറഫ സംഗമം നിർവഹിക്കാനുള്ള മാനസിക ഒരുക്കമാണ് ഇന്നു മിനായിൽ. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക.
ചൂട് കണക്കിലെടുത്ത് ഇന്ത്യക്കാർ ഉൾപ്പെടെ ഭൂരിഭാഗം തീര്‍ത്ഥാടകരെയും ഇന്നലെ രാത്രി മിനായിലെ തമ്പുകളിൽ എത്തിച്ചിരുന്നു. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മിനാ താഴ്‌വാരത്തിൽ 2 ലക്ഷത്തോളം ശീതീകരിച്ച തമ്പുകളിലാണു തീർഥാടകരുടെ താമസം. നാളെ പുലർച്ചെ തന്നെ തീർഥാടകർ അറഫയിലേക്കു നീങ്ങും.
1,22,422 തീർഥാടകരാണ് ഹജ്ജില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയത്. ഹജ്ജ് സർവിസ് കമ്പനികളാണ് ബസ് മാർഗം ഹാജിമാരെ മിനായിലെ തമ്പുകളിൽ എത്തിക്കുന്നത്. മിനായിൽ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശത്തും കിങ് ഫഹദ്, സൂഖുൽ അറബ്, ജൗഹറ റോഡുകൾക്കിടയിലും ആണ് ഇന്ത്യൻ ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
