നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. ബൈക്കിന്റെ ആർസി ഓണർ ആയ പോത്തുകല്ല് കോടാലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം
ഇയാളെ ജാമ്യത്തിൽ വിട്ടു. ഗുഡ്സ് ജീപ്പ് ഡ്രൈവർ കർണാടക ഗുണ്ടൽപേട്ട് സ്വദേശി ശേഷരാജി(34)നെതിരെയും കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബുവിന്റെ മകൻ ഷിബിൻരാജ് കൃഷ്ണ(14), പാതിരിപ്പാടം അയ്യപ്പശേരിൽ സന്തോഷിന്റെ മകൻ എ.എസ്.യദു(14) എന്നിവരാണു മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്.

സിഎൻജി റോഡി‍ൽ മുട്ടിക്കടവ് പെട്രോൾ പമ്പിനു സമീപം രാവിലെ എട്ടോടെയാണ് അപകടം. ചുങ്കത്തറയിലെ ട്യൂഷൻ സെന്ററിലേക്കു പുറപ്പെട്ട ഇവർ മറ്റൊരു സുഹൃത്തിനെ കൂട്ടാനാണ് മുട്ടിക്കടവിലേക്ക് പോയത്. ഗുഡ്സ് ജീപ്പ് ചുങ്കത്തറ ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: