ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇൻഡിഗോ വിമാനം പത്തുമണിക്കൂറിലേറെ വൈകിയിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ചത് ഏറെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സംഭവത്തിൽ മുംബൈ വിമാനത്താവള അധികൃതരോട് വിശദീകരണം തേടി.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചാണ് നടപടിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിര്‍ദ്ദേശം നൽകിയത്. റൺവേയിൽ വിമാനത്തിന് സമീപം നിലത്തിരുന്നാണ് യാത്രക്കാർ ഭക്ഷണം കഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. മറുപടി നൽകിയില്ലെങ്കിൽ പിഴ ചുമത്തുന്നതുൾപ്പടെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
