Headlines

കിഡ്നി സ്റ്റോണിന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ച സംഭവം; മൃതദേഹവുമായി ആശുപത്രിയിൽ പ്രതിഷേധം; തടഞ്ഞ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ യുവതി കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കളും പൊതുപ്രവർത്തകരും. ആശുപത്രിയുടെ മുന്നിൽ യുവതിയുടെ മൃതദേഹവുമായിട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാർ നെയ്യാറ്റിൻകര റോഡ് ഉപരോധിച്ചു.

പ്രതിഷേധം തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ഉയർത്തുന്ന ആരോപണം. നിലവിൽ ആശുപത്രിയുടെ മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ രം​ഗത്തെത്തിയിരുന്നു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ അസുഖങ്ങൾക്ക് സാധാരണഗതിയിൽ നൽകുന്ന പാന്റോപ്രസോള്‍ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നൽകിയിട്ടുള്ളത്. ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയിൽ ഉണ്ടാകുന്ന മാരകമായ അലർജി പ്രക്രിയ അഥവാ അനാഫൈലാക്സിസ് ആകാം രോഗിക്ക് സംഭവിച്ചിട്ടുള്ളതെന്നാണ് കെജിഎംഒയുടെ വിശദീകരണം. വാക്സിനുകൾ, മരുന്നുകൾ എന്ന് മാത്രമല്ല ചില ഭക്ഷണങ്ങളോടു പോലും അലർജി കാരണമുള്ള അടിയന്തര പ്രതികരണമായി ഇങ്ങനെ സംഭവിക്കാം. ഇതിനെ ചികിത്സാ പിഴവായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നാണ് കെജിഎംഒയുടെ വിശദീകരണം.

കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിൻകീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയത്. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

ഈ മാസം 15നാണ് കൃഷ്ണ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. ഇൻജക്ഷൻ എടുക്കും മുൻപ് അതിനുള്ള പരിശോധന നടത്തിയിരുന്നോ എന്ന് വ്യക്തമല്ല. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സർജൻ വിനുവിനെതിരെ കേസെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: