ഷൊർണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വോട്ട് ചെയ്യാൻ വന്നാൽ അനുമതി കിട്ടുമോ എന്ന ആശങ്കയിലാണ് കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ പൂളക്കുന്നത്ത് ഉഷാകുമാരി. മുൻപ് ചെയ്ത വോട്ടിന്റെ ഭാഗമായി വിരലിൽ തേച്ച മഷി മായാത്തതാണ് ഈ ആശങ്കയ്ക്ക് കാരണം.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ആദ്യതടസ്സം. മഷി മായാത്തതാണെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ വിശ്വസിച്ചില്ല. ബൂത്തിലുണ്ടായിരുന്ന രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാർ ഇവരെ അറിയുമെന്ന് ഉറപ്പുപറഞ്ഞതോടെ അന്ന് വോട്ടുചെയ്തു. ബൂത്തിൽ ചെന്ന് തർക്കിക്കേണ്ടിവരുമെന്ന് പേടിച്ച് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്യാനേ പോയില്ല.
കുളപ്പുള്ളി എ.യു.പി. സ്കൂളിലാണ് ഇവർ 2016-ൽ വോട്ട് രേഖപ്പെടുത്തിയത്. വിരലിൽ നഖം വളരുന്നുണ്ടെങ്കിലും മഷിയടയാളം പോകുന്നില്ലെന്നതാണ് പ്രശ്നം. ഇത്തരം സംഭവം അപൂർവമാണെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ത്വഗ്രോഗ വിദഗ്ധരും ഇത് അപൂർവ സംഭവമായാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പോളിങ് ഏജൻറുമാർക്ക് പരാതിയില്ലെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് തീരുമാനമെടുത്ത് വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകാനാകുമെന്ന് ഷൊർണൂർ ഇലക്ടറൽ ഓഫീസർകൂടിയായ തഹസിൽദാർ പറഞ്ഞു.

