കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മരണത്തിൽ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് റൂറൽ എസ്പിക്ക് കൈമാറിയിരുന്നു. അതിൻ്റെ നടപടി അടക്കമുള്ള കാര്യങ്ങൾ അവർ പൂർത്തീകരിച്ചു വരുന്നതിനിടയിലാണ് ഇപ്പോൾ ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് മേധാവി പുതിയ ടീമിനെ ഉടൻ പ്രഖ്യാപിക്കും.
ഷാർജയിൽ അടക്കം വിവവരശേഖരണം നടത്തേണ്ടതുണ്ട്. കൂടുതൽ മൊഴി രേഖപ്പെടുത്തണം. ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ നടത്തും. ഫോൺ വിവരങ്ങൾ പരിശോധിക്കും. ഫോറൻസിക് പരിശോധന അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകും എന്നുള്ളതാണ് സംസ്ഥാന ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരം. വിപഞ്ചിയുടെ അമ്മ ഷാർജ കോടതിയെ സമീപിക്കാനായി ഷാർജയിലെത്തിയിട്ടുണ്ട്. ഷാർജ പോലീസിനടക്കം പരാതി നൽകാനാണ് നീക്കം.
ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അൽ നഹ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനാണ് വിപഞ്ചികയുടെ ഭർത്താവ്. യുവതിയുടെ മരണത്തിൽ ഇയാളെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്. തനിക്ക് യാത്രാ വിലക്കുള്ളതിനാൽ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭർത്താവ് നിതീഷിൻറെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന ഭർത്താവിൻറെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം.
