കൊച്ചി: ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് കേരള ഹൈക്കോടതി. 2005 ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളെ സംരക്ഷിക്കൽ നിയമം (ഡിവി ആക്ട്) പ്രകാരം, സ്ത്രീക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും കോടതി വിധിച്ചു. പാലക്കാട് സ്വദേശിയായ ഒരു സ്ത്രീയുടെ ഭർത്താവിന്റെ ബന്ധുക്കൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെതാണ് വിധി. ഭർത്താവിന്റെ മരണശേഷം സ്ത്രീയും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ ഗാർഹിക ബന്ധമൊന്നുമില്ലെന്ന മജിസ്ട്രേറ്റിന്റെ കണ്ടെത്തൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു.
ഗാര്‍ഹിക പീഡനം മൂലം നിര്‍ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള നിയമപ്രകാരമാണ് കോടതി ഉത്തരവ്. 2009 ല്‍ ഭര്‍ത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇറക്കി വിടാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ സമാധാനമായി ജീവിക്കുന്നതിന് തടസ്സം നില്‍ക്കരുതെന്ന് സെഷന്‍സ് കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ പാലക്കാട് സ്വദേശിനിയായ എതിര്‍കക്ഷി (ഭര്‍ത്താവിന്റെ അമ്മ) ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പാര്‍പ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസിന്റെ അടിസ്ഥാനപരമായ കാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഭര്‍ത്താവ് മരിച്ച യുവതി ഭർതൃവീട്ടിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് മക്കള്‍ക്കൊപ്പം രക്ഷിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചുവരുന്നത്. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാര്‍ തന്നെയും മക്കളെയും വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതി കോടതിയെ സമീപിച്ചത്. പിന്നാലെ ഭര്‍ത്താവിന്റെ മരണശേഷം യുവതിക്ക് ഭര്‍ത്താവിന്റെ ബന്ധുക്കളുമായി ഗാര്‍ഹിക ബന്ധമില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ നിരീക്ഷണം സെഷന്‍സ് കോടതി റദ്ദാക്കുകയായിരുന്നു.
സ്ത്രീകൾക്കെതിരായ വ്യാപകമായ ഗാർഹിക പീഡനം എന്ന പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പുരോഗമനപരവും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ നിയമനിർമ്മാണമാണ് ഡിവി(ഡൊമസ്റ്റിക് വയലൻസ്) ആക്റ്റ് എന്ന് ഹൈക്കോടതി ഊന്നിപ്പറഞ്ഞു. ഭർത്താവിന്റെ മരണ ശേഷം, ഭർതൃ വീട്ടിൽ അയാളുടെ പങ്കാളിക്ക് താമസിക്കാനുള്ള അവകാശം നിയമത്തിന്റെ 17-ാം വകുപ്പ് നൽകുന്നുണ്ടെന്ന് അത് എടുത്തുകാണിച്ചു. സ്ത്രീയുടെ അന്തസ്സിന് അഭയവും സുരക്ഷയും അനിവാര്യമാണെന്നും കോടതി പറഞ്ഞു.
