കൊച്ചി: ഏറെ വിവാദമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായി ചിത്രീകരിച്ച ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. പതിനഞ്ച് ദിവസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. റിലീസ് ഹൈക്കോടതി തടഞ്ഞതിനാൽ നാളെ സിനിമ റിലീസ് ചെയ്യില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിലാണ് ഹൈക്കോടതിയുടെ നടപടി.
സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും, ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി ഹൈക്കോടതിയെ സമീപിച്ചത്. ദ കേരള സ്റ്റോറി 2’, ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ്. കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താൻ ഈ സിനിമ എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാക്യ നാരായണന്‍ സിംഗിന്റെ അവകാശവാദം.
ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘കേരള സ്റ്റോറി 2’വിന്റെ ട്രെയിലർ പുറത്തുവന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ഈ ട്രെയിലറിലുള്ളത്. ട്രെയിലർ പുറത്തുവന്നതോടെ വൻ വിമർശനമാണ് ഉയർന്നത്. ട്രെയിലർ വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു


