ഏഷ്യയുടെ രാജാക്കന്മാർ ഇന്ത്യ തന്നെ; ലങ്കൻ പടയെ ‘ എറിഞ്ഞോടിച്ച് ‘ സിറാജ്

കൊളംബോ: ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. ശ്രീലങ്ക ഉയര്‍ത്തിയ 50 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ വെറും 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാമത് കിരീടമാണിത്. ഇന്ത്യക്കായി 23 റണ്‍സുമായി ഇഷാന്‍ കിഷനും 27 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു.

‍ കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഗില്‍ ആറ് ഫോര്‍ നേടി. കിഷന്റെ അക്കൗണ്ടില്‍ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു. നേരത്തെ, ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. അവിടെയായിരുന്നു ലങ്കയുടെ തകര്‍ച്ചയുടെ തുടക്കവും. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വലിയൊരു സൂചനയും നല്‍കി.

ബുമ്രയെറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) എല്‍ബിഡബ്ലൂായി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന്റെ കയ്യില്‍ വിശ്രമിച്ചു. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വയുടെ ഫോര്‍.

‍ അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പിന്നാലെ കുശാല്‍ മെന്‍ഡിനേയും സിറാജ് (17) മടക്കി. മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: