തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും. കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും.
ഇന്നലെയാണ് കാലാവധി കഴിഞ്ഞത് മറച്ചുവെച്ചുവെന്ന് കാട്ടി വൈസ് ചാൻസിലർ സർവകലാശാല യൂണിയൻ അസാധുവാക്കിയത്. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ സമയം നീട്ടി നൽകണമെന്ന് യൂണിയൻ ഭാരവാഹികളുടെ ആവശ്യവും വിസി തള്ളി. എന്നാൽ, വൈസ് ചാൻസിലറുടെ ഈ നടപടിയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് സിൻഡിക്കേറ്റ്. സർവകലാശാല നിയമപ്രകാരം യൂണിയന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു അപേക്ഷ ലഭിച്ചാൽ, അത് സിൻഡിക്കേറ്റിൽ ചർച്ചയ്ക്ക് വെയ്ക്കണം. ചർച്ച ചെയ്തതിനുശേഷം അന്തിമ തീരുമാനമെടുക്കേണ്ടതും സിൻഡിക്കേറ്റ് തന്നെയാണ്. എന്നാൽ, ഇവിടെ അതിന് വിരുദ്ധമായി വിസി ഏകപക്ഷീയമായി നടപടി സ്വീകരിച്ചുവെന്ന് ഇടത് അംഗങ്ങൾ ആരോപിക്കുന്നു. ഇതാണ് ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ഉന്നയിക്കുക.

