അമ്മയെ അടിച്ച ആളെ കണ്ടെത്തിയ ശേഷം കൊലപ്പെടുത്തി; സംഭവം നടന്ന 10 വർഷങ്ങൾക്കിപ്പുറമാണ് മകന്റെ പ്രതികാരം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അമ്മയെ അടിച്ച ആളെ കണ്ടെത്തിയ ശേഷം കൊലപ്പെടുത്തി മകൻ. സംഭവം നടന്ന 10 വർഷങ്ങൾക്കിപ്പുറമാണ് മകന്റെ പ്രതികാരം. സിനിമ കഥയെ വെല്ലുന്നതായിരുന്നു സംഭവം തന്റെ അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത ആളെ സോനു കശ്യപ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. വ്യക്തമായ പ്ലാനിങ്ങോട് കൂടിയായിരുന്നു മനോജ് എന്നയാളെ സോനു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. പാർട്ടി നടത്താമെന്ന് വാഗ്‌ദാനം ചെയ്താണ് സോനു സുഹൃത്തുക്കളെ കൂടെ കൂട്ടിയതും കൃത്യം നടത്തിയതും.

10 വർഷം മുൻപായിരുന്നു മനോജ് സോനു കശ്യപിന്റെ അമ്മയെ അടിച്ചത്. ഒരു തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഇതിന് പിന്നാലെ മനോജ് പ്രദേശം വിട്ടുപോവുകയായിരുന്നു. എന്നാൽ തന്റെ അമ്മ നേരിട്ട അപമാനം സോനുവിന്റെ മനസ്സിൽ കെടാതെ കിടന്നു. അയാൾ മനോജിനെ കണ്ടെത്താനായി അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ മൂന്ന് മാസം മുമ്പ് മുൻഷി പുലിയ ഏരിയയിൽ സോനു മനോജിനെ കണ്ടെത്തി.

ഇളനീർ വിൽപ്പനക്കാരനായിരുന്നു മനോജ്. അയാളുടെ ദിനചര്യ വിശദമായി പഠിച്ച സോനു കശ്യപ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കി. സഹായത്തിനായി സുഹൃത്തുക്കളെയും ചട്ടം കെട്ടി. മേയ് 22ന് മനോജ് കടയടച്ച് പോകുമ്പോൾ കശ്യപും സുഹൃത്തുക്കളും ഇരുമ്പ് വടികൊണ്ട് മനോജിനെ അടിച്ചു പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പോലിസ് അന്വേഷണം ആദ്യ ഘട്ടത്തിൽ എങ്ങുമെത്താതെ പോകുകയായിരുന്നു. സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുവെങ്കിലും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കൃത്യത്തിന് ശേഷം സോനു കശ്യപ് സുഹൃത്തുക്കൾക്കായി നടത്തിയ മദ്യപാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത് മുൻപ് സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഒരാളെ പോലീസ് പാർട്ടിക്കിടെയുള്ള ഫോട്ടോയിൽ നിന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ച പോലീസിന് കൊലപാതക സമയത്ത് ധരിച്ച ടീ ഷർട്ടിലുള്ള മറ്റു ഫോട്ടോകളും ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറ്റ് അഞ്ച് പ്രതികളിലേക്കുമെത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: