ന്യൂഡല്‍ഹി: കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓരോ വര്‍ഷവും യാത്രയുമായി ബന്ധപ്പെട്ടു ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാറുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന ഏറ്റവും കുറവ് ടെന്‍ഡര്‍ ആണ് പരിഗണിക്കുക. ഇത്തവണത്തെ കരിപ്പൂരിലെ ടെന്‍ഡറില്‍ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതില്‍ ഇടപെടാന്‍ ആകില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഹാരിസ് ബീരാന്‍ എംപിയുടെ കത്തിന് മറുപടി ആയി ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്കായുള്ള ഉയര്‍ന്ന വിമാനത്തുകയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും കേന്ദ്രത്തിനു കത്തയച്ചിരുന്നു.
