റിയാദ്: സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്കും ഇത്തരക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ചെയ്‌തു കൊടുക്കുന്നവർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ ഇത്തരം നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ കണ്ടെത്തിയാൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്നും സൗദി അധികൃതർപൊതുജനങ്ങളോടാവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. താസമ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെ അധികൃതർ പിടികൂടി. താമസ നിയമ ലംഘനങ്ങൾ നടത്തിയതിന് 13,202 പേരെയും തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയതിന് 3109 പേരെയും അറസ്റ്റ് ചെയ്തു.
അനധികൃതമായി രാജ്യത്തിൻ്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4911 പേരെയാണ് അധികൃതർ പിടികൂടിയത്. ഇതിൽ1376 പേർ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരാണ്. 86 പേർ അയൽരാജ്യങ്ങളിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചവരാണ്. ബാക്കിയുള്ള 22 പേരെ നിയമലംഘകർക്ക് യാത്ര ചെയ്യാനും താമസിക്കുന്നതിനുമായി സൗകര്യം ഏർപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്‌തെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
