ഭോപ്പാൽ: മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിലായിരുന്നു സംഭവം. പോലീസ് പറയുന്നതനുസരിച്ച്, വഴിയോരക്കച്ചവടക്കാരനായ 19 വയസ്സുള്ള യുവാവ് ചൊവ്വാഴ്ച പച്ചക്കറികൾ വാങ്ങി മാർക്കറ്റിൽ നിന്ന് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. നൈൻവാഡ ഗ്രാമത്തിന് സമീപമുള്ള ടോൾ ടാക്സിന് സമീപം നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ, വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങൾക്കും പൊള്ളലേറ്റു. ഇതേതുടർന്ന് യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്ന് താഴേക്ക് വീണ് തലയ്ക്ക് പരിക്കേറ്റു.
ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വീണ യുവാവിന്റെ അരക്കെട്ടിനും പരിക്ക് പറ്റിയിട്ടുണ്ട്. അരവിന്ദിനെ ആദ്യം സാരംഗ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഷാജാപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഫോൺ പുതുതായി വാങ്ങിയതാണെന്നും രാത്രി മുഴുവൻ ചാർജ് ചെയ്തതാണെന്നും സഹോദരൻ പറഞ്ഞു. അതിനിടെ, യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങൾ തടയുന്നതിന് മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുവാവിനെ ചികിത്സിച്ച ഡോ. നാഗർ പറഞ്ഞു. എന്നാൽ യുവാവിന്റെ സഹോദരൻ പറഞ്ഞത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു പ്രമുഖ കമ്പനിയിൽ നിന്ന് ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങിയിരുന്നു എന്നാണ്. മൊബൈൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുവാവിന്റെ സ്വകാര്യ ഭാഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സാരംഗ്പൂരിലെ ഡോക്ടർ നയൻ നഗർ പറഞ്ഞു
