തിരുവനന്തപുരം: നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്.
തമിഴ്‌നാട് വൈദ്യുതി വകുപ്പില്‍ എഞ്ചിനീയര്‍ ആയ പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകളായിരുന്നു മരിച്ച ശ്രുതി. സ്വകാര്യ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ശ്രുതി. ചെമ്പകവല്ലി കുത്തുവാക്ക് പറയുന്നതായി ശ്രുതി പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവുമായി ഒത്തുപോകാനാണ് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത്. ഇത്രയും കൊടിയ പീഡനം ശ്രുതി നേരിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും കുടുബം പറഞ്ഞു. ശ്രുതിയുടെ മരണത്തിന് തൊട്ടുപിന്നാലെ സംഭവം വാര്‍ത്തയായതോടെയാണ് ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചത്.
