കേരള സർവകലാശാല പേര് കനക്കുന്നു; നിയമയുദ്ധത്തിലേക്കെന്ന് സൂചന

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത നടപടി നിയമയുദ്ധത്തിലേക്കെന്ന് സൂചന. സസ്പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിൽ എത്തിയാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. രജിസ്ട്രാറെ തടയാനുള്ള നീക്കമുണ്ടായാൽ സംഘർഷത്തിനുള്ള സാഹചര്യവും സംജാതമായേക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിയമപരമല്ലെന്നാണ് സിൻഡിക്കേറ്റിന്റെ നിലപാട്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി ചോദ്യം ചെയ്ത് ഇടത് സിൻഡിക്കേറ്റംഗങ്ങൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. സിൻഡിക്കേറ്റ് നിർദേശമനുസരിച്ച് രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തുമെന്നാണ് സൂചന.

കേരള സർവകലാശാലാ നിയമം 1974-ലെ വകുപ്പ് 10(13) അനുസരിച്ച് ചിലഘട്ടങ്ങളിൽ വിസിക്ക്‌ സിൻഡിക്കേറ്റിന്റെ അധികാരം പ്രയോഗിക്കാം. എന്നാൽ, സസ്പെൻഷൻപോലുള്ള അച്ചടക്കനടപടിയെടുക്കാൻ ഈ വകുപ്പ് അധികാരം നൽകുന്നില്ലെന്നും ചാൻസലറുടെ നിർദേശമനുസരിച്ചാണെങ്കിൽപ്പോലും അത്‌ നിയമവിരുദ്ധമാണെന്നും ഇടത്‌ സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയാൽ അത്‌ നിയമയുദ്ധത്തിലേക്ക്‌ നീങ്ങും.

വിസിക്കെതിരേ രജിസ്ട്രാർ കോടതിയിലെത്തിയാൽ സർവകലാശാലയാണ് എതിർകക്ഷി. ഇടതുഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് നിയമിച്ച അഭിഭാഷകന്റെ വാദം സ്വാഭാവികമായും രജിസ്ട്രാർക്ക് അനുകൂലമായിട്ടാവും. വിസി പ്രത്യേകം അഭിഭാഷകനെ നിയോഗിക്കേണ്ടിവരും. കേസിൽ ഗവർണർ കക്ഷിയായാൽ ചാൻസലറെന്നനിലയിൽ അദ്ദേഹത്തിനുവേണ്ടി വേറെയും അഭിഭാഷകൻ ഹാജരാവേണ്ടിവരും. ഇങ്ങനെ, സങ്കീർണമായ നിയമയുദ്ധത്തിലേക്ക് വഴിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

വിസി പറഞ്ഞതുകേൾക്കാതെ, രജിസ്ട്രാർ സ്വന്തംനിലയിൽ തീരുമാനമെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി. വേദിയിൽ ഗവർണർ ഇരിക്കുമ്പോഴും ദേശീയഗാനാലാപനം നടക്കുമ്പോഴുമായിരുന്നു രജിസ്ട്രാർ കെ എസ് അനിൽകുമാർ ഹാളിന് അനുമതിനിഷേധിച്ചതെന്നും വൈസ് ചാൻസലർ ആരോപിക്കുന്നു. അനുമതിവാങ്ങാതെ പൊലീസിൽ പരാതിനൽകിയെന്നതും അച്ചടക്ക ലംഘനമെന്നാണ് വിസിയുടെ നിലപാട്.

അതേസമയം, ഹാൾ റദ്ദാക്കുന്നത് രജിസ്ട്രാർ വിസിയെയും രാജ്ഭവനെയും അറിയിച്ചിരുന്നുവെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്. ഹാളിന് അനുമതി നിഷേധിച്ചത് സംഘാടകരെയും അറിയിച്ചിരുന്നു. ഗവർണറോട് അനാദരവ് കാണിച്ചിട്ടില്ലെന്നും അദ്ദേഹം വന്നശേഷം സുഗമമായി പരിപാടി നടത്താൻ രജിസ്ട്രാർ ശ്രമിച്ചു എന്നുമാണ് സിൻഡിക്കേറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സർവകലാശാലയിൽ ചട്ടലംഘനവും സംഘർഷവും നടന്നതിനാൽ നിയമാനുസൃതമായാണ് രജിസ്ട്രാറുടെ നടപടിയെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: