തിരുവനന്തപുരം : ഇരുകാലുകളും നഷ്ടപ്പെട്ട ശ്രീധരൻ കാണിക്ക് വീൽ ചെയർ കൈമാറി ആശ്വാസമേകി വാമനപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറും സംഘവും ഒരു മാസം മുമ്പ് കുറുപുഴ വില്ലേജിലെ ഇളവട്ടം പച്ചമല ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടയിലാണ് ഇരുകാലുകളും ഇല്ലാത്ത ശ്രീധരൻകാണി എന്നയാളുടെ ദുരവസ്ഥ കണ്ടത്. തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻ കുമാർ നന്ദിയോട് പഞ്ചായത്തിലെ കുറുപുഴ വാർഡ് മെമ്പർ ആയ ബീന രാജുവിനോട് വിവരം തിരക്കി.
പച്ചമല തടത്തരികത്ത് പുത്തൻവീട്ടിൽ 70 വയസ്സുള്ള ശ്രീധരൻകാണിയുടെ ഇരുകാലുകളും നഷ്ടപ്പെട്ടത് രണ്ടു വർഷത്തിനിടയിൽ ആണെന്നും, അദ്ദേഹം കൂലി പണിക്ക് പോയിക്കൊണ്ടിരിക്കവെ ഇടതു കാലിൽ എന്തോ കൊണ്ട് പഴുത്ത് ആദ്യം വിരലുകളും, പഴുപ്പ് മുകളിലേക്ക് കയറിയതിനെ തുടർന്ന് ഇടതുകാലിന്റെ മുട്ടിനു താഴെ മുറിച്ചുമാറ്റുകയും, തുടർന്ന് കുറച്ചു നാളുകൾക്കു ശേഷം വലത് കാൽവിരലുകളിൽ വൃണം ഉണ്ടാവുകയും കാല് പഴുത്തതിനെ തുടർന്ന് ആ കാലും മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റുകയാണ് ഉണ്ടായതെന്ന് ബീന പറഞ്ഞു.
ഇതിനിടയിൽ താമസിച്ചിരുന്ന വീട് തീപിടിച്ച് കത്തി നശിച്ചതിനെതുടർന്ന് ശ്രീധരൻകാണിയും, ഭാര്യയും സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞു വരുന്നത്. രണ്ട് കാലുകളും ഇല്ലാത്തതിനാൽ വീട്ടിനുള്ളിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞ് നീങ്ങുകയാണ് ചെയ്യുന്നത്. വളരെ നിർധന കുടുംബത്തിൽപ്പെട്ട അദ്ദേഹത്തിന് ഒരു വീൽചെയർ വാങ്ങി കൊടുത്താൽ വളരെ ഉപകാരപ്രദമായിരിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
തുടർന്ന് വാമനപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ ചേർന്ന് ഒരു വീൽ ചെയർ വാങ്ങി വാർഡ് മെമ്പറുടെയും, എക്സൈസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ശ്രീധരൻകാണിക്ക് കൈമാറി.