
തിരുവനന്തപുരം:കേരളത്തില്‍ ഏഴ് ദിവസത്തെ ഓണാഘോഷങ്ങൾക്ക് അരങ്ങുണർന്നു. വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് തിരുവനന്തപുരത്ത് നിശാഗന്ധിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സന്നിഹിതരായിരുന്നു. ചലച്ചിത്ര താരം ഫഹദ് ഫാസിൽ മുഖ്യാഥിതിയായിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഓണം ഒരുമയുടെ ഈണം എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഇത്തവണ ഓണാഘോഷം. അടുത്തമാസം രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന വർണാഭമായ സമാപന ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും
