വെഞ്ഞാറമൂട്∙ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തി. കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയിൽ പുല്ലമ്പാറ പഞ്ചായത്തിലെ മാമൂട് ജംഗ്ഷനു സമീപം ഒരു വീട് പൂർണമായും തകരുകയും നിരവധി വീടുകൾ കേടു സംഭവിക്കുകയും ചെയ്തു. സമീപത്തെ ക്വാറിയുടെ പ്രവർത്തനം പ്രകൃതി ദുരന്തത്തിനു കാരണമായെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ സമരത്തിലായിരുന്നു. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ ക്വാറിയിൽ എത്തി സംസാരിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു.
നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ക്വാറിയുടെ പ്രവർത്തനം അധികാരികൾ ഇടപെട്ട് നിർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് പുല്ലമ്പാറ പഞ്ചായത്ത് ഓഫീസിൽ എത്തി ഉപരോധ സമരം നടത്തി. നാട്ടുകാരുടെ ആവശ്യപ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി ക്വാറിക്ക് നിർദ്ദേശം നൽകി.
