കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് പ്രവർത്തിക്കുന്ന ‘തീപ്പൊരി’ തട്ടുകടയിൽ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കട ഉടമയും കൂട്ടാളിയും ചേർന്ന് മർദിച്ചതായി പരാതി. സംഭവത്തിൽ ‘തീപ്പൊരി തട്ടുകട’ ഉടമ തെള്ളകം സ്വദേശി അഷാദ് ശിവൻ (44), കൂട്ടാളി പ്രവീൺ (39) എന്നിവരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാസ്പദമായ സംഭവം നടന്നത് ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തിയ കോതനല്ലൂർ സ്വദേശികളായ 3 പേർ പൊറോട്ട ഓർഡർ ചെയ്തു. ഇതിനൊപ്പം നൽകിയ ബീഫ് ഗ്രേവി പഴകിയതാണെന്ന് പറഞ്ഞതോടെ കടയുടമയും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തി മടങ്ങാൻ തുടങ്ങിയ കോതനല്ലൂർ സ്വദേശികൾ കാറിൽ കയറവെ കടയുടമയും കൂട്ടാളിയും ചേർന്ന് ഇവരുടെ പിന്നാലെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിക്കാനായി കടയിലെത്തിയവരാണ് പോലീസിൽ വിവരമറിയിച്ചത്. തുടന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
