മലപ്പുറം: കാളികാവിൽ കടുവ അക്രമിച്ചുകൊന്ന ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിൽ കടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന്റെ പിൻഭാഗത്താണ് മുറിവ്. പ്രദേശത്തെ മാംസം കടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണം. ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാര്‍ന്നതുമാണ് മരണത്തിനിടയാക്കിയത്.
ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതേസമയം ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ തിരച്ചിൽ ഊജിതമാക്കിയിരിക്കുകയാണ്. ഇതിനായി വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്.
ഇന്നലെ രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ ഗഫൂറിനെ കടുവ കടിച്ചുവലിച്ചു. ഒരു ഭാഗം ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനായുള്ള തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. ഗഫൂറിനെ കടുവ പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഗഫൂറിനെ കടുവ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ട് പോയതായാണ് പറയുന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
