ചെന്നൈ: മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്തുതർക്കത്തിന് ഒടുവിൽ പരിഹാരമായി. ഇവരുടെ ബന്ധുകൂടിയായ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. സ്റ്റാലിന്റെ പിതാവ് എം. കരുണാനിധിയുടെ സഹോദരി ഷൺമുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരൻ. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി രൂപ ദയാനിധി മാരന് നൽകി. കൂടാതെ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ട് ക്ലബ് പ്രദേശത്ത് ഒരേക്കര്‍ ഭൂമിയും ദയാനിധി മാരന് നല്‍കി.
ഏകദേശം നൂറു കോടി മൂല്യം വരുന്നതാണ് ഈ ഭൂമി. അടുത്തവർഷം തമിഴ്നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സ്റ്റാലിന്‍ അന്ത്യശാസനം നൽകിയിരുന്നു. സൺ ടിവി ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികൾ നിയമങ്ങൾ ലംഘിച്ച് കലാനിധി മാരൻ തട്ടിയെടുത്തെന്നായിരുന്നു സഹോദരൻ ദയാനിധിയുടെ ആരോപണം. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്ന് കാട്ടി കലാനിധി മാരൻ, ഭാര്യ കാവേരി മറ്റ് ഏഴുപേർ എന്നിവർക്കെതിരേ ദയാനിധി ചെന്നൈയിലെ നിയമസ്ഥാപനം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.
2003-ൽ മുരസൊലി മാരന്റെ മരണശേഷം കലാനിധി സൺ ടിവി നെറ്റ്‌വർക്കിന്റെ 3500 കോടി മതിക്കുന്ന ഓഹരികൾ സ്വന്തംപേരിലേക്കുമാറ്റിയെന്നും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ലംഘനമാണിതെന്നും അതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്(എസ്എഫ്ഐഒ) അന്വേഷിക്കണമെന്നുമായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയത്.
