വായനാട് :കാട്ടിക്കുളത്ത് ഓടിക്കൊണ്ടിരുന്ന എക്സൈസ് വാഹനം കാട്ടാനകുത്തി നശിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് ആന നശിപ്പിച്ചത്. കാട്ടിക്കുളം-ബാവലി റോഡിലെ രണ്ടാംഗേറ്റിന് സമീപത്തായിരുന്നു സംഭവം.
എക്സൈസ് ഉദ്യോഗസ്ഥർ ബാവലിയിൽനിന്ന് ജോലികഴിഞ്ഞ് മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്നു. റോഡരികിൽനിന്ന് പെട്ടെന്ന് ഓടിയെത്തിയ ആന വാഹനത്തിന്റെ മുൻഭാഗം കുത്തിപ്പൊളിച്ചശേഷം വനത്തിലേക്ക് കയറിപ്പോയതിനാൽ വലിയ ദുരന്തം ഒഴിവായി. സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം, പ്രിൻസ്, ചന്ദ്രൻ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവർ സജിയാണ് വാഹനം ഓടിച്ചിരുന്നത്
