കൊല്ലം: ഷാര്‍ജയില്‍ സ്ത്രീധന പീഡനത്തെ തുര്‍ന്ന് മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘം പൊലീസിനെ അറിയിച്ചു. മൃതദേഹം കൊല്ലം കേരളപുരത്തെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.
ഷാര്‍ജയിലെ ഫളാറ്റിലാണ് വിപഞ്ചികയെയും കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷ് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ മൃതദേഹം വിദേശത്ത് സംസ്‌കരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തു.
ശ്വാസംമുട്ടിയാണ് മരണം, ഇന്‍ക്വസ്റ്റില്‍ ശരീരത്തില്‍ ചില പാടുകള്‍ കണ്ടിരുന്നു. ഇത് എംബാം ചെയ്തപ്പോള്‍ ശരീരത്തില്‍ കുത്തിവയ്പ്പ് നടത്തിയതാണെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. ആത്മഹത്യ പ്രേരണക്കും സ്ത്രീധനപീഡനത്തിനും കുണ്ടറ പൊലിസ് നിതീഷിനെതിരെ കേസെടുത്തിട്ടുണ്ട്. നിതീഷിനെ നാട്ടിലെത്തിക്കാന്‍ പൊലിസ് നടപടി തുടങ്ങി. ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷണ ചുമതല. ഷാര്‍ജ പൊലീസിന്റെ അന്വേഷണത്തെക്കാള്‍ കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിലാണ് കുടുംബത്തിന് കൂടുതല്‍ വിശ്വാസമെന്ന് സഹോദരന്‍ പറഞ്ഞു.
ശരീരത്തിലെ പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായത്; വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി
