Headlines

കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ, രണ്ടു ഡോക്ടര്‍മാര്‍ അടക്കം നാലുപേര്‍ പ്രതികള്‍; ഹര്‍ഷിന കേസില്‍ കുറ്റപത്രം സമർപ്പിച്ചു.

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നാലുപ്രതികളാണ് ഉള്ളത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് പ്രതികളെന്ന് എസിപി കെ സുദർശൻ അറിയിച്ചു. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണ് ഉള്ളത്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീഴ്ച‌ സംഭവിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച് ഒന്നിനാണ് ഹർഷിന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. medical negligence act പ്രകാരം എടുത്ത കേസിൽ അന്വേഷണം നടത്തി എസിപി കെ സുദർശന്റെ നേതൃത്വത്തിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. ഹർഷിന 2017 ഫെബ്രുവരിയിൽ നടത്തിയ എംആർഐ സ്ക‌ാൻ കേസിൽ നിർണായകമായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് ഉയർത്തുന്ന വാദം നിരാകരിക്കുന്നതാണ് കുറ്റപത്രം. ആദ്യ രണ്ടു പ്രസവ ശസ്ത്രക്രിയയിൽ കത്രിക കുടുങ്ങിയിട്ടില്ല. അങ്ങനെയെങ്കിൽ എംആർഐ സ്കാനിൽ തെളിയുമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മെഡിക്കൽ ബോർഡിന് മുൻപാകെ എംആർഐ സ്‌കാനിനെ കുറിച്ച് ഹർഷിന പറഞ്ഞിരുന്നില്ല. എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെയാണ് ഹർഷിന ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ശസ്ത്രക്രിയയ്ക്കിടെ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയയ്ക്കിടെ കത്രിക കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഭാഗത്ത് നിന്ന് ശ്രദ്ധക്കുറവ് ഉണ്ടായി. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹർഷിന പറഞ്ഞു. നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ പൂർണമായി നീതി ലഭിച്ചു എന്ന് പറയാൻ സാധിക്കുകയുള്ളൂവെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: