ക്ഷേത്രത്തിലെ സ്വർണാഭരണം മാറ്റി മുക്കുപണ്ടം വച്ച സംഭവത്തിൽ ക്ഷേത ഭരണസമിതി സെക്രട്ടറി അറസ്റ്റിൽ. നീണ്ടകര പുത്തൻതുറ വളവിൽ വീട്ടിൽ ജിജോയാണ് (41) പിടിയിലായത്. നീണ്ടകര മണ്ണാത്തറ ദേവീക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്ന ആഭരണങ്ങൾ മാറ്റിയശേഷം മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു. നവരാത്രിയുടെ ഭാഗമായി ചാർത്താനെടുത്തപ്പോൾ സംശയം തോന്നിയ ശാന്തിക്കാരൻ ഭാരവാഹികളെയും ഭക്തരെയും വിവരം അറിയിക്കുകയും പരിശോധനയിൽ മുക്കുപണ്ടമാണെന്നു വ്യക്തമായിരുന്നു.
വിശ്വാസികളുടെ പരാതിയിൽ ചവറ പൊലീസ് കേസെടുത്തു. തുടർന്ന് ജിജോ ഒളിവിൽ പോകുകയായിരുന്നു. മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളി. ഇന്നലെ രാവിലെ കൊട്ടാരക്കരയിൽ നിന്നു ചവറ പൊലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്സിപിഒ അനിൽ, സിപിഒ വൈശാഖ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
