പാലക്കാട്: കുടുംബസമേതമുള്ള യാത്രയെന്ന വ്യാജേന കാറില്‍ കുഴൽപ്പണം കടത്ത്. രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി മലപ്പുറം താനൂര്‍ പനക്കാട്ടൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷിമിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്.ബുധനാഴ്ച രാത്രി എട്ട് മണിയോടെ മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പിന്തുടരുകയായിരുന്നു. ശേഷം വിവരം ചിറ്റൂര്‍ പൊലീസിന് കൈമാറി. ചിറ്റൂർ പൊലീസിന്റെ സഹായത്താല്‍ രാത്രി 8.30 ഓടെ കുറ്റിപ്പള്ളം സി പി ചള്ളയിൽനിന്ന് കാർ പിടികൂടി. പരിശോധനയിൽ കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയില്‍ കുഴൽപ്പണം കണ്ടെത്തുകയായിരുന്നു. ചിറ്റൂർ ഡിവൈഎസ്പി വി എ കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സിഐ എം ആർ അരുൺകുമാർ, ചിറ്റൂർ സി ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ്ഐ ബി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപ്പണവുമായി പോയ കാർ പിന്തുടർന്ന് പിടികൂടിയത്.


