ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് ഇന്ന് തുടക്കമാകും

കൊച്ചി: ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് ഇന്ന് തുടക്കമാകും. ഇന്നു വൈകിട്ട് ഏഴ് മണിക്കാണ് ബി​ഗ് ബോസ് സീസൺ 6ന്റെ ലോഞ്ച് എപ്പിസോഡ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ തന്നെയാണ് ഇക്കുറിയും ബി​ഗ് ബോസിന്റെ അവതാരകൻ.

സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി മോഹൻലാലിൻറെ പുതിയൊരു പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഏറെ പ്രത്യേകതകൾ ഉള്ള സീസണായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. അതിൻറെ ഭാഗമായി ഈ സീസണിലെ സാധാരണക്കാരുടെ പ്രതിനിധികളെ നേരത്തെ മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിൻ ബായ്‍, യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസൺ 6 ൽ കോമണർ മത്സരാർഥികളായി എത്തുന്നത്.

സാധാരണക്കാരുടെ പ്രതിനിധിയായ കോമണർ മത്സരാർഥി അഞ്ചാം സീസണിലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിച്ചത്. ഗോപിക ഗോപി ആയിരുന്നു കഴിഞ്ഞ സീസണിലെ കോമണർ. മറ്റ് മത്സരാർഥികൾ ആരൊക്കെയെന്ന് പ്രഖ്യാപിക്കുന്ന ഉദ്ഘാടന എപ്പിസോഡിൽത്തന്നെയാണ് ഗോപികയെയും മോഹൻലാൽ അവതരിപ്പിച്ചത്. എന്നാൽ ഇക്കുറി സീസൺ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ കോമണർ മത്സരാർഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ഒരാൾ ആയിരുന്നെങ്കിൽ ഇക്കുറി അത് രണ്ട് പേരാണ്.

എന്തായാലും സീസണിൻറെ പുതുമ ഉൾക്കൊണ്ട് മാറ്റിപിടിച്ചാലോ? എന്നതാണ് ഇത്തവണത്തെ സീസണിൻറെ ടാഗ് ലൈൻ. ഇത്തവണ വീട്ടിലെ അതിഥികൾ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. പതിവ് പോലെ സിനിമ രംഗത്ത് നിന്നും സാമൂഹ്യ സംസ്കാരിക രംഗത്ത് നിന്നും ഉള്ളവർ മത്സരാർത്ഥികളായി എത്തും. ഒപ്പം സോഷ്യൽ മീഡിയ താരങ്ങളും ഉൾപ്പെടും എന്നാണ് വിവരം. ഗായകരും ഉണ്ടാകും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: