ആലപ്പുഴ പുന്നപ്ര പറവൂർ സ്വദേശി ദിനേശന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞദിവസമാണ് പുന്നപ്ര പാടശേഖരത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ ദിനേശനെ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്
അമ്മയുമായുള്ള വിവാഹേതര ബന്ധം നേരിൽ കണ്ട മകൻ ദിനേശനെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് മകൻ ദിനേശനെ പലതവണ താക്കീത് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. മകന്റെ താക്കീത് കേൾക്കാതെ ദിനേശൻ വീണ്ടും അമ്മയുമായുള്ള ബന്ധം തുടരുന്നതാണ് മകനെ കൊലപാതകത്തിലേക്ക് നയിച്ചത്.
ദിനേശൻ വരുന്ന വഴിയിൽ ലൈൻ കമ്പിയിട്ട് ഷോക്ക് വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഷോക്കേറ്റ് മരിച്ച ദിനേശനെ അച്ഛനും മകനും ചേർന്ന് പാടശേഖരത്തിൽ കൊണ്ടിടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ അമ്പലപ്പുഴ പൊലീസിന്റെ ചില സൂചനകളാണ് കൊലപാതകം ആണെന്ന് കണ്ടെത്താൻ കാരണം. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
