പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കമാകും. സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. നാളെയും പഴയ പാർലമെന്റ് മന്ദിരത്തിലാകും സഭാ സമ്മേളനം. വിനായക ചതുർത്ഥി ദിനമായ ചൊവ്വാഴ്ച മുതൽ പുതിയ മന്ദിരത്തിൽ സമ്മേളനം നടക്കും.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സർവകക്ഷിയോഗം ഇന്ന് ചേരും. ലോക്സഭ സ്പീക്കർ വിളിച്ച യോഗം നാലരയ്ക്ക് നടക്കും. സർക്കാർ പ്രസിദ്ധീകരിച്ച അജണ്ട യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും പ്രത്യേക സമ്മേളനത്തിൽ ഇരുസഭകളും ചർച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയമന ബിൽ അടക്കം നാലു ബില്ലുകളും പ്രത്യേക സമ്മേളനം പരിഗണിക്കും.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ദേശീയ പതാക സ്ഥാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ദേശീയ പതാക സ്ഥാപിക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം അറിയിച്ചിരുന്നു. പുതിയ പാർലമെന്റിൽ ലോക്സഭ, രാജ്യസഭ ജീവനക്കാർക്ക് പുതിയ യൂണിഫോം നിശ്ചയിച്ചിട്ടുണ്ട്.
