ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കൽ; രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. നാഷനൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനും മറ്റുമാണു ഹർജി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 2 മുതൽ വാദം കേട്ട കേസ് സെപ്റ്റംബർ 5ന് ആണു വിധി പറയാൻ മാറ്റിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തില്‍ ഭേദഗതി ചെയ്ത് ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടിയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചുകൊണ്ടുള്ള ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമത്തിന്റെ സാധുത സംബന്ധിച്ചും സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും.

കേസില്‍ 16 ദിവസത്തെ വാദം കേള്‍ക്കലാണ് സുപ്രീം കോടതിയില്‍ നടന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങി വിവിധ പാര്‍ട്ടികളും, വ്യക്തികളും, സംഘടനകളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. ഭരണഘടനയുടെ 35 എ വകുപ്പിന്റെ സാധുത സംബന്ധിച്ച ഹര്‍ജികളിലും ഇന്ന് സുപ്രീം കോടതി നിലപാട് വ്യക്തമാക്കും.

2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസവും. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം നിരത്തിയത്.

ജമ്മുകശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭയ്ക്കുമാത്രമാണ് 370-ാം അനുച്ഛേദം റദ്ദാക്കാന്‍ അധികാരം ഉണ്ടായിരുന്നത് എന്നാണ് ഹര്‍ജിക്കാരുടെ വാദം. 1951 മുതല്‍ 1957 വരെ നിലനിന്നിരുന്ന ജമ്മു കശ്മീര്‍ ഭരണഘടന സഭ 370-ാം അനുച്ഛേദം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടില്ല. കശ്മീരിലെ ഭരണഘടനാ നിര്‍മാണസഭ 1957-ല്‍ ഇല്ലാതായതോടെ 370-ാം വകുപ്പിന് സ്ഥിരംസ്വഭാവം കൈവന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഭരണഘടന നിര്‍മ്മാണ സഭയുടെ അധികാരം ഏറ്റെടുത്ത് പാര്‍ലമെന്റിന് 370-ാം വകുപ്പില്‍ മാറ്റം കൊണ്ട് വരാന്‍ സാധിക്കുമോ അധികാരം ഉണ്ടോ എന്നതില്‍ ഭരണാഘടന ബെഞ്ച് ഇന്ന് നിലപാട് വ്യക്തമാക്കും. വകുപ്പ് റദ്ദാക്കാന്‍ സ്വീകരിച്ച നടപടികള്‍ നിയമപരമാണോ എന്നതാണ് ഭരണഘടന ബെഞ്ച് പരിശോധിച്ച മറ്റൊരു വിഷയം.

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ഇന്ത്യയും, ജമ്മു കശ്മീരിലെ ജനങ്ങളും തമ്മില്‍ പ്രത്യേക ബന്ധം ഉണ്ടായിരുന്നു എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഈ ബന്ധം ഒരു എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ എടുത്ത് കളയാന്‍ സാധിക്കില്ല എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി ഭരണഘടന വിരുദ്ധവും, ഏകപക്ഷീയവും, മുമ്പ് ഉണ്ടാകാത്തതും ആണെന്ന് ആയിരുന്നു ഹര്‍ജിക്കാരുടെ മറ്റൊരു വാദം.

ജമ്മു കശ്മീര്‍ ഇന്ത്യയില്‍ ലയിച്ചിട്ടില്ല. മഹാരാജ ഹരി സിംഗും ഇന്ത്യയും തമ്മില്‍ ഒപ്പ് വച്ച Instrument of Accession (IoA) ല്‍ കശ്മീരിന്റെ പരമാധികാരം പൂര്‍ണ്ണമായും ഇന്ത്യക്ക് കൈമാറിയിട്ടില്ല എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.1947 ഒക്ടോബറില്‍ മഹാരാജ ഹരി സിങ്ങും ഇന്ത്യയും തമ്മില്‍ ഒപ്പ് വച്ച ഉടമ്പടി പ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയിലുള്ള പരമാധികാരം മാത്രമാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റിന് ഉള്ള പരിമിതി ഭരണഘടനയുടെ 370-ാം അനുച്ഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണഘടന വിരുദ്ധം ആണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രപതി ഭരണം നില നിന്നിരുന്ന കാലത്താണ് 2019 ഓഗസ്റ്റ് 5, 6 തീയതികളില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ഇല്ലാതെ നിയമസഭ പിരിച്ച് വിടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് ഹാജരായത്. ഇതിന് പുറമെ കേന്ദ്ര നടപടിയെ ന്യായീകരിച്ച് സുപ്രീം കോടതിയെ സമീപിച്ചവര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷ്‌കരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി ഗിരി, മഹേഷ് ജെഠ്മലാനി, ഗുരു കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ ഹാജരായി.

രാജ്യത്തിന്റെ അഖണ്ഡത കാത്ത് സംരക്ഷിക്കുന്നതിനും, ഭരണഘടന എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കുന്നതിനും ആവശ്യമായ നടപടിയാണ് സ്വീകരിച്ചത് എന്നാണ് കേന്ദ്രത്തിന്റെ പ്രധാന വാദം.രാജ്യ താത്പര്യം മുന്‍നിർത്തിയെടുത്ത തീരുമാനമാണിത്. 2019 -ല്‍ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണമാണ് പ്രത്യേക പദവി എടുത്തുകളയാന്‍ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളില്‍ ഒന്ന് എന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.

1947 – 50 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ബാഹ്യശക്തികളുടെ ഇടപെടലുകള്‍ മറികടക്കുന്നതിനായാണ് ഭരണഘടന ശില്‍പ്പികള്‍ 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കിയതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. 1957- ല്‍ ജമ്മു കശ്മീര്‍ ഭരണഘടന നിര്‍മ്മാണ സഭ പിരിച്ചുവിട്ടപ്പോള്‍ തന്നെ 370-ാം വകുപ്പ് റദ്ദാക്കപ്പെടേണ്ടതായിരുന്നു. 2019 ല്‍ നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഭരണഘടന നിര്‍മ്മാണ സഭയുടെ സ്ഥാനം പാര്‍ലമെന്റിന് ഏറ്റെടുക്കാന്‍ ആകും. ഭരണഘടനയുടെ 370 (3) ല്‍ ഭരണഘടന നിര്‍മ്മാണ സഭ എന്നത് നിയമ നിര്‍മ്മാണ സഭയെന്ന് വായിക്കാം എന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ഭരണം നിലനിന്ന സമയത്ത് ജമ്മു കശ്മീര്‍ നിയമസഭയുടെ അധികാരം പാര്‍ലെമന്റിനായിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനവും ആയി ബന്ധപ്പെട്ട നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ജമ്മു കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതയും, വികസനം എത്തിയതായും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീരിന്റെ കേന്ദ്ര ഭരണ പദവി അനന്തമായി നീട്ടി കൊണ്ട് പോകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ലഡാക് കേന്ദ്ര ഭരണ പ്രദേശമായി നിലനിർത്തുമെങ്കിലും ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്നും എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത് എന്നും കേന്ദ്രം കോടതിയേ അറിയിച്ചു. പാര്‍ലമെന്റിനോ, നിയമസഭക്കോ ഭരണഘടനയുടെ 370-ാം വകുപ്പില്‍ മാറ്റം കൊണ്ട് വരാന്‍ കഴിയില്ലെന്ന വാദത്തോടും സുപ്രീം കോടതി വാദം കേള്‍ക്കലിനിടെ വിയോജിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഒഴികെയുള്ളവയില്‍ മാറ്റം കൊണ്ട് വരാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ടെന്നായിരുന്നു കോടതിയുടെ വാക്കാല്‍ നിരീക്ഷണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: