കേരളത്തിലെ 14 ജില്ലകളിലും നടത്തുന്ന സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ച കേരളത്തിലെ 14 ജില്ലകളിലും നടത്തുന്ന സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  വൈകുന്നേരം നാല് മണിക്ക് മോക്ക് ഡ്രില്‍ ആരംഭിക്കും. നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02-നും 4.29-നുമിടയിലാണ് മോക്ക് ഡ്രില്‍ നടത്തുക. യുദ്ധമുണ്ടാവുകയാണെങ്കില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ ജനം സ്വീകരിക്കണം എന്നത് സംബന്ധിച്ച് മുന്‍കരുതല്‍ നല്‍കാനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.


കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാം. 4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും. സൈറണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടായിരിക്കും പ്രവര്‍ത്തിപ്പിക്കുക. മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര എന്നിവരുടെ വിന്യാസം അഗ്നിരക്ഷാസേനയുമായി ആലോചിച്ച് നടപ്പാക്കാനും നിര്‍ദേശമുണ്ട്.

1971ല്‍ ഇന്ത്യ – പാക് യുദ്ധത്തിന് മുന്‍പായിരുന്നു മോക് ഡ്രില്‍ ഇതിന് മുന്‍പ് നടത്തിയത്. ആക്രമണമുണ്ടായാല്‍ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് മോക് ഡ്രില്ലിലൂടെ ഉദ്ദേശിക്കുന്നത്. ആംബുലന്‍സുകളും ആശുപത്രികളും സജ്ജമാക്കും. അതത് ജില്ലകളിലെ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫീസര്‍മാരും നേതൃത്വം നല്‍കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: