മുറിക്കാനൊരുങ്ങുന്നത് 29000 മരങ്ങള്‍, വന്‍ വിവാദമായി ഭോപ്പാലില്‍ മരം മുറിക്കാനുള്ള നീക്കം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 29000 മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനായാണ് വ്യപകമായി മരങ്ങള്‍ മുറിക്കുന്നത്. നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തിയതോടെ മരം മുറിക്കാനുള്ള നീക്കം വന്‍ വിവാദമായി. ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

29000 മരങ്ങള്‍ വെട്ടിമാറ്റി മന്ത്രി മന്ദിരങ്ങളും എംഎല്‍എമാര്‍ക്കായി കെട്ടിടങ്ങളും പണിയാനൊരുങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. മുറിച്ച് മാറ്റുന്ന മരങ്ങളെ കെട്ടിപ്പിടിച്ചും രക്ഷ കെട്ടിയും പ്രദേശത്തെ സ്ത്രീകളാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. മരങ്ങള്‍ കുട്ടികളെപ്പോലെയാണെന്നും തങ്ങളുടെ സന്തോഷത്തിനും സങ്കടത്തിനും വര്‍ഷങ്ങളായി ഇവിടെയുള്ള ഈ മരങ്ങള്‍ സാക്ഷികളാണെന്നും പറഞ്ഞ് വൈകാരികമായാണ് സ്ത്രീകളുടെ പ്രതിഷേധം. ജൂണ്‍ 13ന് ശിവജി നഗറിലേയും തുള്‍സ് നഗറിലേയും വൃക്ഷങ്ങളേയാണ് സ്ത്രീകള്‍ കെട്ടിപ്പിടിച്ച് പ്രതിഷേധിച്ചത്.

50 മുതല്‍ 70 വര്‍ഷം വരെ പഴക്കമുളള മരങ്ങളാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ മുറിക്കുന്നത്. ഭോപ്പാലിലെ ശിവാജി നഗറിലെ 31, 46 വാര്‍ഡുകളില്‍ വരുന്ന ഈ പ്രദേശത്തെ നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ച് വലിയ ബംഗ്ലാവുകള്‍ നിര്‍മ്മിക്കാനുളള പദ്ധതിയിലാണ് പ്രതിഷേധം. സ്ത്രീകളുടെ പ്രതിഷേധത്തിനൊപ്പം വിവിധ പരിസ്ഥിതി സംഘടനകളും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയതോടെ ബിജെപി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

3000 കോടിയിലാണ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനുള്ള പദ്ധതി. 60000ല്‍ അധികം മരങ്ങളാണ് ഈ മേഖലയിലുള്ളത്. മരങ്ങള്‍ മുറിക്കരുതെന്ന ആവശ്യമാണ് നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വച്ചിട്ടുള്ളത്. തടാകങ്ങള്‍ക്കും പരിസ്ഥിതി വൈവിധ്യത്തിനും പേരുകേട്ട ഇടമാണ് ഭോപ്പാല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഭോപ്പാലിലെ 30 ശതമാനം പച്ചപ്പാണ് ഇതിനോടകം നഷ്ടമായിട്ടുള്ളത്. ഇതിന് പുറമെ 20 ശതമാനത്തോളം വനമേഖലയും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കുറവ് വന്നിട്ടുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: