സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് ഇന്ന്





സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയില്‍ വയ്‌ക്കും. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേത വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ കൂടിയാണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് മുഴുവൻ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടാകും സംസ്ഥാന ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്. സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നല്‍കിക്കഴിഞ്ഞു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് എല്ലാം മാറി വരുമാന വര്‍ദ്ധനക്കുമുണ്ടാകും നിര്‍ദ്ദേശങ്ങള്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികള്‍ക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്കാരങ്ങള്‍ക്കും സാധ്യതയുണ്ട്. ക്ഷേമ പെൻഷൻ കൂട്ടി നല്‍കുന്നത് മുതല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാകുമെന്നും ബജറ്റ് ഉറ്റുനോക്കുന്നു. പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെനിന്ന് എന്ന ചോദ്യം പക്ഷെ ബാക്കിയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: