ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി



ന്യൂഡല്‍ഹി: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസ് നിയമപ്രകാരം മുന്നോട്ടു പോകാന്‍ ബാധ്യസ്ഥമാണ്. പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലും രണ്ട് താരങ്ങളും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഹേമ കമ്മിറ്റി മുമ്പാകെ സാക്ഷികളും ഇരകളും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അന്വേഷണം നിരീക്ഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവര്‍ക്കും പ്രത്യേക അന്വേഷണ സംഘം ഉപദ്രവിക്കുന്നതായി പരാതിയുള്ളവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.



അത്തരം പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍, ഹൈക്കോടതി അവ പരിശോധിക്കും. എസ്ഐടി ശേഖരിച്ച വസ്തുക്കളുടെ അടിസ്ഥാനത്തിലാണോ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, അതോ യാതൊരു രേഖയും ഇല്ലാതെയാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതി പരിശോധിക്കും. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ വ്യക്തികളെ അനാവശ്യമായി ഉപദ്രവിക്കുകയോ, എസ്ഐടിക്ക് മുമ്പാകെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നോ പരാതിപ്പെട്ടാല്‍ അക്കാര്യവും ഹൈക്കോടതി പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: