ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത തേടികൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. സ്വവർഗ ദമ്പതികളും എൽജിബിടിക്യു+ പ്രവർത്തകരും തങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സർക്കാരും മതനേതാക്കളും ഒരേ സ്വരത്തിൽ ഇതിനെ എതിർക്കുകയാണ്. സ്വവർഗവിവാഹം സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമാക്കണമോ എന്നതിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നത്. വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലുള്ള മറ്റ് അംഗങ്ങൾ. നാളെ രാവിലെ പത്തരയോടെ ഹർജികൾ കോടതി പരിഗണിക്കുമെന്നാണ് വിവരം. 20 ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ സ്വവർഗ വിവാഹം വരുമോ എന്നതാണ് പ്രധാന ചോദ്യം. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിലപാടെടുക്കുമ്പോഴും അത്തരത്തിലുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെവന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. രാജ്യത്തെ സാമൂഹിക വ്യവസ്ഥകളെ അത് വലിയ തോതിൽ പ്രതികൂലമായി ബാധിക്കുമെന്നും നിയമപരമായ സങ്കീർണതകളുണ്ടാക്കുമെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്.
വിവാഹത്തിന് നിയമസാധുത നല്കുന്ന വിഷയം പാർലമെൻറിന് വിടണമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ പാർലമെൻറ് ഇതിൽ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങൾ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹർജിക്കാർ വാദിച്ചു. വിവാഹത്തിന് സാധുത നല്കിയാൽ കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാർഗ്ഗരേഖ നല്കണമെന്ന ആവശ്യവും ഉയർന്നു. കേന്ദ്രം അഭിപ്രായം ചോദിച്ചെങ്കിലും കേരളം ഉൾപ്പെട പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചില്ല. ജമാഅത്ത് ഉലമ, അഖിലേന്ത്യാ സന്ന്യാസി സമിതി തുടങ്ങിയ മത സംഘടനകൾ സ്വവർഗ്ഗ വിവാഹത്തെ എതിർക്ക് കേസിൽ കക്ഷി ചേർന്നിരുന്നു.