കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്നും കുറുവ മോഷണ സംഘത്തിൽപ്പെട്ട പ്രതി രക്ഷപെട്ടു. തമിഴ്നാട് സ്വദേശി സന്തോഷാണ് എറണാകുളം കുണ്ടന്നൂരിൽവച്ച് ഇയാൾ രക്ഷപെട്ടത്. പൂർണ നഗ്നനായാണ് കൈവിലങ്ങുകളോടെ ഇയാൾ രക്ഷപെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്. രക്ഷപെട്ട സന്തോഷിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് പൊലീസിനെ തടഞ്ഞത്. സംഘർഷത്തിനിടെ സന്തോഷ് രക്ഷപ്പെട്ടു. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്പ്പെടുത്തി.
ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കായി മറ്റു ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് സന്തോഷ് പിടിയിലായത്. ആലപ്പുഴയിലെ മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്നാണ് പൊലീസ് നിഗമനം. കളർകോട് സനാതനപുരം തിരുവിളക്ക് മനോഹരന്റെ വീട്ടിൽ നടന്ന മോഷണത്തിൽ രണ്ടു പവൻ നഷ്ടപ്പെട്ടിരുന്നു. അടുക്കള വാതിലിന്റെ കൊളുത്തു പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്
