Headlines

കനയ്യ കുമാർ കയറിയ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധിവരുത്തി; ദൃശ്യങ്ങൾ പുറത്ത്; പ്രതിഷേധം അറിയിച്ച് കോൺഗ്രസ്

പട്‌ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിനുപിന്നാലെ ക്ഷേത്രം കഴുകിയെന്ന് ആരോപണം. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിലെ നടപടിയാണ് ഇപ്പോൾ വിവാദമാകുന്നത്. കനയ്യ കുമാർ ക്ഷേത്രദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കിയെന്നാണ് ആരോപണം ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ് രംഗത്തെത്തി.

നിലവിൽ ബിഹാറിൽ റാലി നയിക്കുകയാണ് കനയ്യ കുമാർ. കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് കനയ്യയുടെ റാലി. റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് ജനങ്ങളെ കനയ്യ കുമാർ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയുംചെയ്തിരുന്നു. അദ്ദേഹം മടങ്ങിയതിന് തൊട്ടടുത്തദിവസം ചിലർ ചേർന്ന് ഈ മണ്ഡപം വൃത്തിയാക്കുകയായിരുന്നു. നഗർ പഞ്ചായത്ത് ബൻഗാവ് വാർഡ് കൗൺസിലർ ആയ അമിത് ചൗധരിയായിരുന്നു നേതൃത്വം. ഗംഗാജലം ഉപയോഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്.

കനയ്യ കുമാർ രാജ്യത്തിന് വിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭഗവതി സ്ഥാനത്തുനിന്നാണ് അദ്ദേഹം സംസാരിച്ചതെന്നും അവർ പറഞ്ഞു. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വിമർശനമുന്നയിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ പുതിയ വിവാദമാണ് ഈ സംഭവത്തോടെ ഉയർന്നിരിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: