ബന്ദിപ്പൂര്‍: വെള്ളിയാഴ്ച വയനാട് മാനന്തവാടിയില്‍ നിന്നും മയക്കുവെടിവച്ച് ബന്ദിപ്പൂരിലെത്തിച്ച കാട്ടാന തണ്ണീർ കൊമ്പൻ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലർച്ചെയോടെ ആന ചരിഞ്ഞത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ആനയുടെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തണ്ണീർ കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലെ എല്ലാകാര്യങ്ങളും സുതാര്യമായിരുന്നു, തുടർനടപടികളും അതുപോലെ സുതാര്യമായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്. കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തി പ്രതിസന്ധി സൃഷ്ടിച്ചത്.
പതിനേഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കഴിഞ്ഞദിവസം വൈകുന്നേരം 5.35 ഓടെ ആനയെ മയക്കുവെടി വെച്ചത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി ഏൽക്കുകയായിരുന്നു. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി.തുടർന്ന് ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിക്കുകയായിരുന്നു. അതിനു പിന്നാലെ ആനയെ എലിഫൻ്റ് ആംബുലന്‍സില്‍ കയറ്റി. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.
മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു. വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കിയാനകളെ തണ്ണീര്‍ക്കൊമ്പ് സമീപം എത്തിച്ചത്.
